കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരംമാണീ പോസ്റ്റ്.
വേലിയേറ്റ സമയത്ത് ആ 6 അടിയിലേറെ ഉയരമുള്ള കടല്‍ഭിത്തിയെ മറികടന്ന് ഇപ്പുറം ആഞ്ഞടിക്കുന്ന കൂറ്റന്‍ തിരമാലകള്‍ തന്നെ. മഴക്കാലത്ത് മുട്ടറ്റമോ അതിലേറെയോ സമീപത്തുള്ള റോഡിനെ വെള്ളത്തിനടിയാക്കുന്നു ആ തിരമാലകള്‍. സമീപ പ്രദേശത്തുള്ള വീടുകളിലെ ജനങ്ങള്‍ നെഞ്ചില്‍ ഭീതിയുടെ നെരിപ്പോടുമായാണവിടെ വസിക്കുന്നത്. ഞാന്‍ ഈ ചിത്രങ്ങളെടുക്കുന്ന സമയത്ത് തന്നെ തിരമാലകള്‍ കലിപൂണ്ട് ഇപ്പുറത്തേയ്ക്കാഞ്ഞടിക്കുന്നുണ്ടായിരുന്നു. കൂറ്റന്‍ തിരമാലകള്‍ ആ കരിങ്കല്‍ ഭിത്തിയില്‍ വന്നിടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ഭയാനകമായിരുന്നു. അന്നെടുത്ത ചില ചിത്രങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.
തുടക്കം ഇങ്ങനെ...അപ്പുറം ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍. കാതടപ്പിക്കുന്ന ഭയാനകമായ ശബ്ദവും. എങ്കിലും അപ്പുറത്തെ കാഴ്ച എങ്ങനെയെന്നറിയാനുള്ള ത്വര...
കരിങ്കല്‍ഭിത്തിയില്‍ വലിഞ്ഞു കേറിയാലോ...എന്ന് ചിന്തിച്ച് നില്‍ക്കവേ ദാണ്ടേ ഒരു കൂറ്റന്‍ തിര ഭിത്തിയേയും കടന്ന് ഇപ്പുറത്തേയ്ക്ക്... വലിഞ്ഞു കയറല്‍ എന്ന ഐഡിയ ഡ്രോപ്പാന്‍ മറ്റെന്തു വേണം?
എങ്കില്‍പ്പോട്ടെ ദോണ്ടേ ദീ സൈഡീന്ന് കയറാമെന്ന് വച്ച് ദിങ്ങോട്ട് നടന്നപ്പോ ദവിടേം...
ഒരു വീടിന്റെ മതിലില്‍ കയറി നിന്ന് നോക്കി. അറ്റ്ലീസ്റ്റ് ഇവിടെ നിന്നെങ്കിലും കടല്‍ കാണാല്ലോ!
ഇവനിതെപ്പോ കയറിയോ ആവോ! മുകളിലേയ്ക്ക് കയറുവാന്‍ ഒരു ഗ്യാപ്പന്വേഷിച്ച് ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന സമയത്ത് പഹയന്‍ മുകളില്‍ കയറി ഇരിപ്പുറപ്പിച്ചതാവണം.
ഹിഹി...ഞാന്‍ വലിഞ്ഞ് പിരണ്ട് മുകളിലേയ്ക്ക് ഒറ്റ കേറ്റം വച്ച് കൊടുത്തു. ഹല്ല പിന്നെ! ക്ഷമിക്കുന്നതിനൊക്കെ ഒരതിരില്ലേ. ഏയ്... കൂട്ടുകാരന്‍ ആദ്യം കയറി ധൈര്യം കാണിച്ച് തന്നതു കൊണ്ടൊന്നുമല്ല. അങ്ങനെ മാത്രം പറയല്ലേഷ്ടാ. :) തിരവര്വോ വരാതിരിക്ക്വോ... വരുന്നതിന് മുമ്പ് ക്ലിക്കി ഈ ചിത്രം.
ഇടയ്ക്കൊരു തിര എന്നെ മറികടന്നു പോയെങ്കിലും ഞാന്‍ പതറിയില്ല... ;) സുഹൃത്ത് തൊട്ടപ്പുറത്ത് തന്നെയുണ്ടല്ലോ. ഈ പടം ക്ലിക്കിയതിനു ശേഷം ഞാന്‍ തിരിഞ്ഞു അവനോട് ചോദിച്ചു... “ഡാ, നീ നനഞ്ഞോ? എന്റെ കുര്‍ത്ത അപ്പിടീം നനഞ്ഞു.” പക്ഷെ, അതിന് മറുപടി പറയുവാന്‍ അവനവിടെയുണ്ടായിട്ട് വേണ്ടേ?! അവന്‍ താഴെ ലോണ്ടെ ലവട ഒരു തെങ്ങിന്‍ ചോട്ടില്‍ നിക്കണു! ഒരു വിറയല്‍ അനുഭവപ്പെടുന്നുണ്ടോ? ഏയ്.. ഒരിക്കലുമില്ല, നനഞ്ഞതിന്റെയാ, പിന്നെ കാറ്റുമുണ്ടല്ലോ. എങ്കിലും പിന്നെയവിടെ ഒറ്റയ്ക്ക് നിന്ന് ബോറടിക്കാന്‍ ഒരുങ്ങാതെ ഞാന്‍ ‘മെല്ലെ’ താഴേയ്ക്കിറങ്ങി...